ദേവസേന എന്ന ചേച്ചിയുടെ ബ്ലോഗ് വായിച്ചപ്പോള്‍ തോന്നിയത്:
വര്‍ഷം 84മുതല്‍ 89 വരെ ആയിരുന്നു എന്റെ കൌമാരം. എട്ടാം ക്ലാസില്‍ പഠിക്കുമോഴാണു എന്നെ ശ്രദ്ധിക്കുന്ന ചേട്ടന്മാര്‍ കുറേയുണ്ടെന്ന് മനസിലായത്. അന്നൊക്കെ എനിക്ക് വീട്ടില്‍ നിന്ന് സ്കൂളിലേക്ക് ഇറങ്ങാന്‍ എന്തൊരു ഉത്സാഹമായിരുന്നെന്നോ? നമ്മളെ ശ്രദ്ദിക്കാനും, നമ്മുടെ വരവു കാണാനും വഴിനീളെ കാത്തുനിക്കുന്ന ചേട്ടന്മാര്‍ ഉണ്ടാകുക എന്ന ഓര്‍മ്മ തന്നെ കോള്‍മയിര്‍ കൊള്ളിക്കുന്നതായിരുന്നു. അങ്ങനെ ഭാവിക്കുകയില്ലെങ്കിലും. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം വൈകുന്നേരം വീട്ടില്‍ ചെന്നു കേറിയ എന്നെ മമ്മി തീ പാറുന്നു നോട്ടത്തോടെ എതിരേറ്റു. എനിക്കു കാപ്പി വച്ചു തന്നപ്പോള്‍ പതിവില്ലാത്ത ഒരു അമരം ഗ്ലാസ്സിനു. ചില്ലുഗ്ലാസായിരുന്നെങ്കില്‍ അത് പൊട്ടിയേനേ.
എന്നും ഞാന്‍ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ സാകൂതം ചോദിച്ചറിയുമായിരുന്ന എന്റെ മമ്മി മുഖം കയറ്റിപിടിച്ചിരിക്കുന്നു. എന്തു പറ്റി മമ്മീ എന്ന എന്റെ ചോദ്യത്തിനും അച്ചായന്‍ വരുമ്പോള്‍ അറിയാം എന്നായിരുന്നു മറുപടി.
അച്ചായന്‍ വന്നു കയറുന്നതുവരെ എന്റെ വീട് ഈയിടെ ടീവിയില്‍ കണ്ട പിറവി എന്ന സിനിമ പോലെയായി. മഴയുടെ ശബ്ദം മാത്രം.
അവസാനം അച്ചായന്റെ ബുളളറ്റിന്റെ മുഴക്കം അങ്ങകലെ കേട്ടു.
വന്നു കയറിയ അച്ചായന് മമ്മി ഒരു ഇലന്റ് കൊണ്ടു കൊടുത്തു. ഇന്നാ മോള്‍ക്ക് വന്ന പ്രേമലേഖനം എന്നു പറഞ്ഞ്.
എനിക്ക് ആകെ ഭയമായി പോയി.
അച്ചായന്റെ മുഖം വലിഞ്ഞു മുറുകി. ഞാന്‍ ആകെ വിരങ്ങലിച്ചു നിന്നു.
വായിച്ചു കഴിഞ്ഞതും അച്ചായന്‍ ഉറക്കെയുറക്കെ പൊട്ടി ചിരിച്ചു.
മമ്മി മുഖം കറുപ്പിച്ച് തല വെട്ടിച്ച് മൂക്കു കൊണ്ട് ച്ഛൂ.. എന്ന് കാണിച്ച് പോയി.
അച്ചായന്‍ ചിരിച്ചുംകൊണ്ട് എനിക്ക് അതു തന്നു. ഇന്നാടീ സൂക്ഷിച്ചു വച്ചോ എന്ന് പറഞ്ഞു.
അതിലെ വാചകങ്ങള്‍ ഇന്നും എനിക്ക് കാണാപ്പാടമാണ്.
“എന്റെ സ്വന്തം മാത്രമായ -------,
നിനക്ക് എന്നോട് ഇഷ്ടമില്ലേ? എന്താണ് എന്നെ കാണുമ്പോള്‍ നീ മുഖം തിരിക്കുന്നത്.
ഞാന്‍ ഈ ഭൂമിയില്‍ ജീവിക്കുന്നതു നിനക്കു വേണ്ടിയാണെന്ന് നീ അറിയുന്നില്ലേ?
ഞാന്‍ കരോളിന് നിന്റെ വീട്ടില്‍ വന്നപ്പോഴും നീ കണ്ടഭാവം നടിച്ചില്ല. നീ എന്നെ സ്നേഹിച്ചില്ലെങ്കില്‍ ഞാന്‍ ഈ നാടുവിട്ട് ഓടിപ്പോകും. പിന്നെ നിനക്ക് എന്നെ കാണാന്‍ പറ്റൂല്ല. അതിനെന്താ നിനക്കെന്നെ ഇഷ്ടമില്ലല്ലോ.
എന്നെ നിനക്കും മനസിലായോ? എന്റെ പേരെഴുതാന്‍ എനിക്ക് ഭയമാണ്. നിന്റെ അച്ചായന്‍ എന്നെ തല്ലിക്കൊല്ലും.
നീ എന്നെ നോക്കി ഒന്നു ചിരിക്കണം. ഞാന്‍ എന്റെ കൂട്ടുകാരുടെ അടുത്ത് ബെറ്റ് വച്ചുപോയി. നീ വെറുതേ ബാലന്‍ നായ്രുടെ കടയുടെ ഭാഗത്തേക്ക് നോക്കി ഒന്നു ചിരിച്ചാല്‍ മാത്രം മതി പ്ലീസ്....
നിന്റെ മാത്രം സ്വന്തം
ഞാന്‍ ഇതു വായിച്ച് ഞെട്ടിപ്പോയി. അച്ചായന്‍ അപ്പോഴും ചിരി. ഇവനാരാ മോളേ... എന്ന് ചോദിച്ചു.
സത്യമായും അറിയില്ലച്ചായാ... ഞാന്‍ പറഞ്ഞു.
അടുത്ത ദിവസം അച്ചായന്‍ എന്റെ കൂടെ സ്കൂളിലേക്ക് നടന്നു വന്നു. ഞാന്‍ തലകുനിച്ച് അച്ചായന്റെ കൂടെ നടന്നു. ബാലന്‍ നായരുടെ കടയുടെ അവിടേക്ക് ഞാന്‍ പാളി നോക്കി. അവിടെ എപ്പോഴും കുറച്ച് കമന്റടിക്കാര്‍ ഉണ്ടാകും. നല്ല രസമാ അവരുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍.
ഇന്ന് മുടി സ്റ്റൈലാണല്ലോ?
ആ സ്ലൈഡിന്റെ കളറ് ശരിയായില്ലാ....
യൂണിഫോം അമ്മാമ്മയോടെ തേച്ചു തരാന്‍ പറ...
തുടങ്ങിയ കമന്റുകള്‍. അതിനിടയിലേതോ ഒരുത്തനാണു പ്രേമലേഖനം അയച്ചത്.
അച്ചായന്‍ എന്നോട് വാടീ എന്ന് പറഞ്ഞ് ബാലന്‍ നായരുടെ കടയില്‍ കേറി. ഒരു മാടക്കടയാണ്. അതിനു മുന്നില്‍ മുള കൊണ്ട് കെട്ടിയ ബഞ്ച്. എന്തോ ഒണ്ട് ബാലാ എന്ന് ചോദിച്ച് അച്ചായന്‍ അങ്ങോട്ട് കേറി. കമന്റു വിതരണക്കാര്‍ ഒന്നു ഭയന്നു. എനിക്ക് അവരുടെ മുഖം നോക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പാളി നോക്കിയപ്പോള്‍ ഒരുവന്‍ ആകെ വിളറി നില്‍ക്കുന്നതു കണ്ടു. അപ്പോള്‍ നായകന്‍ അവന്‍ തന്നെ.
ബാലാ, കൊച്ചിനു ഒരു നന്നാറി കൊട്. അച്ചായന്‍ ഒരു പനാമ വാങ്ങി ചെറിയ ചിമ്മിനിയില്‍ നിന്ന് കടലാസു തുണ്ട് കൊണ്ട് അതു കത്തിച്ചു. എന്നിട്ട് തല ഉയര്‍ത്തിയപ്പോഴേക്കും കമന്റു വിത്രരണക്കാര്‍ ഒരോരുത്തരായി മുങ്ങി. അച്ചായന്‍ അവസാനം പോകുന്നവനെ നോക്കി ഒന്ന് മൂളി. ഊം,,,,,, മൂളലിന്റെ നീളത്തില്‍ നിന്ന് അത് വാണിംഗ് ആണെന്ന് മനസിലായി.
പക്ഷേ ആ വാണിംഗോടെ എല്ലാം നിന്നു. നാശം. കമന്റുകളും.... കത്തുകളും..
17 comments:
ഇതു കൊള്ളാം നോട്ടിക്കുട്ടി..
നന്നായി എഴുതി.
വര്‍ഷം 84മുതല്‍ 89 വരെ ആയിരുന്നു എന്റെ കൌമാരം
ഈ വരി വളരെയങ്ങുപിടിച്ചു.ഈ ശൈലിയും
നോട്ടി ക്കുട്ടി ... കൊള്ളാട്ടോ .....
ഒരു ഒഴുക്ക് ഇനിയും വരാന്‍ ഉണ്ട് ...
ഭാവുകങ്ങള്‍
കുട്ടി ശരിക്കും നോട്ടി തന്നെ..ഛെ, തന്റെ നാട്ടില്‍ ജനിക്കാന്‍ പറ്റിയില്ലല്ലോ!....നഷ്‌ടസ്വര്‍ഗ്ഗങ്ങളേ........
AJESH CHERIAN നെ
ഇത് കണ്ടില്ലെ?--> അച്ചായന്‍ ;)
കൌമാരം വരി ഇഷ്ടപ്പെട്ടു.
ഇവിടെ വന്ന് കമന്റിട്ടാല്‍ അച്ചായന്‍ പിടിച്ചു തല്ലുമോ?
കലക്കി മോളേ.ഇങ്ങൊനൊക്കെത്തന്ന ഒരുവിധപ്പെട്ട എല്ലാരും.
കൊള്ളാല്ലോ വീഡിയോണ്‍ :)
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ശൊ, ഇത് പോലെ കുറേ അച്ചായന്മാരുണ്ടെങ്കില്‍ പിന്നെ ചെറുപ്പക്കാര്‍ക്കൊന്നും ജീവിക്കണ്ടെ...:)
കഷ്ടം!
നല്ല ഭാവിയുള്ള ഒരു കൊച്ചിനെയാണ് അച്ചായന്‍ മുഷ്ക് എടുത്ത് .... ഹും!
:)
നന്നായി!
ഹഹഹ.... അച്ചായന്‍ കലക്കി... അതോടൊപ്പം ഇങ്ങനെ തുറന്ന് എഴുതുന്ന ഈ സ്റ്റൈലും കലക്കി.
പിറവി ഈയിടെയാണോ ടിവിയില്‍ കണ്ടത്..? ഏതു ചാനല്‍?
അതിന്റെ മുഴുവന്‍ പ്രിന്റും നെഗറ്റീവ് അടക്കം നഷ്‌ടപ്പെട്ടു പോയെന്ന് അതിന്റെ ഛായാഗ്രാഹകന്‍ പറഞ്ഞിരുന്നു. അദ്ദേഹം അതന്വേഷിച്ചു നടക്കുകയാണത്രേ...മറുപടി തന്നാല്‍ ഉപകാരമായിരുന്നു
അച്ചായനൊരു സിംഹമാണല്ലേ....
പേടിയാവുന്നു.
എല്ലാ പെണ്‍കുട്ടികളും ഈ കമന്റുകളൊക്കെ ആസ്വദിക്കുന്നുണ്ടാകുമോ അതോ കുറച്ചുപേരെങ്കിലും ഇതൊന്നും ഇഷ്ടപ്പെടാത്തവര്‍ കാണുമോ ?
കുമ്പസാരം ഞാന്‍ ശരിക്കും അസ്വദിക്കുന്നുണ്ട് :) :)
ശ്ശൊ, മഹാപാപം, ഒരു പാവം കാമുകന്റെ കൂമ്പ് വാട്ടിക്കളഞ്ഞു !!
ഹാ ഹാ!!!! കൊള്ളാം.
Post a Comment